കോവിഡ് പ്രതിസന്ധി പിഎസിയിൽ ചർച്ചയ്ക്കെടുക്കേണ്ടെന്ന് എൻഡിഎ എംപിമാർ
Thursday, June 17, 2021 12:51 AM IST
ന്യൂഡൽഹി: രാജ്യത്തെ അതിരൂക്ഷമായ കോവിഡ് സാഹചര്യം പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ചർച്ച ചെയ്യുന്നതിൽ എതിർപ്പുമായി എൻഡിഎ എംപിമാർ. ബിജെപി, ജെഡിയു എംപിമാരാണ് വിഷയം പിഎസിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ് എതിർപ്പ് ഉയർത്തിയത്. എതിർപ്പ് രൂക്ഷമായതോടെ പിഎസി ചെയർമാൻ അധീർ രഞ്ജൻ ചൗധരി താൻ രാജിവയ്ക്കുമെന്ന ഭീഷണി മുഴക്കി.
ഇന്നലെ ചേർന്ന പിഎസി യോഗത്തിൽ കോണ്ഗ്രസ് നേതാവും സമിതി ചെയർമാനുമായി അധീർ രഞ്ജൻ ചൗധരിയാണ് കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ബിജെപി എംപി ജഗദംബിക പാലിന്റെ നേതൃത്വത്തിൽ ബിജെപി, ജെഡിയു എംപിമാർ ഇക്കാര്യം ചർച്ച ചെയ്യുന്നതിനെ രൂക്ഷമായി എതിർത്തു. പിഎസി സ്വമേധയ ഈ വിഷയം ചർച്ചയ്ക്ക് എടുക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇവരുടെ വാദം.
എൻഡിഎ അംഗങ്ങളുടെ എതിർപ്പ് രൂക്ഷമായതോടെയാണ് അധീർ രഞ്ജൻ ചൗധരി താൻ ചെയർമാൻ സ്ഥാനം ഉപേക്ഷിക്കുമെന്ന് പറഞ്ഞത്. രാജ്യത്ത് മൂന്നാം തരംഗം കൂടി പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് അതീവ ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സമിതിയിലെ ഡിഎംകെ, ബിജെഡി എംപിമാർ കോവിഡ് വിഷയം ചർച്ച ചെയ്യണമോ എന്ന കാര്യത്തിൽ മൗനം പാലിക്കുകയാണു ചെയ്തത്.
പാർലമെന്റിന്റെ ആഭ്യന്തര കാര്യങ്ങൾക്കുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി കോവിഡ് വിഷയം ചർച്ചയ്ക്കെടുത്തിട്ടുണ്ട് എന്നും അതിനാൽ പിഎസി ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്നുമാണ് ബിജെപി എംപിമാർ പറഞ്ഞത്. അതിനു പുറമേ കോവിഡ് വിഷയത്തിൽ പിഎസി കഴിഞ്ഞ വർഷം സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി. അടുത്തകാലത്തായി നോട്ട് നിരോധനം, ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ ബിജെപി അംഗങ്ങൾ സ്ഥിരമായി എതിർപ്പുകൾ ഉന്നയിച്ചിരുന്നു.