സമരം കടുപ്പിക്കാന്‍ കർഷകർ
Tuesday, June 22, 2021 12:52 AM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ പ്രക്ഷോഭം ശക്തമാക്കൊനൊരുങ്ങി കർഷകർ. കർഷകരോട് ട്രാക്ടറുകളുമായി തയാറായിരിക്കാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സമരമുറകൾ കൂടുതൽ കടുപ്പിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയത്. ചർച്ചകൾക്കു തയാറാകാത്ത കേന്ദ്രത്തെ പാഠം പഠിപ്പിക്കുമെന്നു ടികായത് മുന്നറിയിപ്പ് നൽകി.
പ്രതിഷേധ സ്ഥലങ്ങളിൽനിന്നു കർഷകർ സ്വമേധയാ മടങ്ങുമെന്ന തെറ്റിദ്ധാരണയാണ് കേന്ദ്രസർക്കാർ വച്ചു പുലർത്തുന്നതെന്ന് രാകേഷ് ടികായത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അന്നദാതാക്കളുടെ ശബ്ദത്തെ കള്ളക്കേസുകൾകൊണ്ട് അടിച്ചമർത്താമെന്നു കരുതേണ്ടെന്നും ടികായത് പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കർഷക സമരം ഡൽഹി അതിർത്തികളിൽ ഇപ്പോഴും തുടരുകയാണ്.
കോവിഡ് പ്രതിസന്ധികൾക്കിടയിലും ഡൽഹിയിലെ കടുത്ത ശൈത്യത്തെയും പിന്നാലെയെത്തിയ കൊടുംവേനലിനെയും മറികടന്നാണു കർഷകർ സമരവുമായി മുന്നോട്ടുപോകുന്നത്. നിയമങ്ങൾ പിൻവലിക്കാതെ സന്ധിയില്ലെന്നു നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുന്പോൾ നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമില്ലെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവർത്തിച്ചു വ്യക്തമാക്കിയത്.
സെബി മാത്യു