ഉൾനാടൻ വാഹന ബിൽ ലോക്സഭയിൽ
Friday, July 23, 2021 12:40 AM IST
ന്യൂഡൽഹി: കടത്തുവള്ളങ്ങൾ അടക്കം ബോട്ടുകൾക്കെല്ലാം രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ഇൻലാൻഡ് വെസൽസ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പെഗാസസ് ഫോണ് ചോർത്തലിന്റെ പേരിൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നതിനിടെയാണു ഷിപ്പിംഗ് തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ബിൽ അവതരിപ്പിച്ചത്. ബില്ലിനെ എതിർത്തു നോട്ടീസ് നൽകിയിരുന്ന കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ഹൈബി ഈഡൻ, മനീഷ് തിവാരി, അധീർ രഞ്ജൻ ചൗധരി എന്നിവർ സീറ്റിലില്ലായിരുന്നെന്ന് അറിയിച്ചാണ് ചെയറിലുണ്ടായിരുന്ന ഭർതൃഹരി മെഹ്താബ് ബില്ലവതരണത്തിന് അനുമതി നൽകിയത്.