നടിയെ ആക്രമിച്ച കേസ്: ആറു മാസംകൂടി സമയം വേണമെന്നു ജഡ്ജി
Friday, July 23, 2021 12:40 AM IST
ന്യൂഡൽഹി: ചലച്ചിത്ര നടൻ ദിലീപ് ഉൾപ്പെടെ പ്രതിയായ, നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം വേണമെന്നാവശ്യപ്പെട്ടു വിചാരണക്കോടതി ജഡ്ജി ഹണി എം. റോസ് സുപ്രീംകോടതിയിൽ. സുപ്രീംകോടതി നേരത്തേ നിർദേശിച്ചത് അനുസരിച്ച് കേസിൽ വിചാരണ പൂർത്തിയാക്കാനുള്ള കാലാവധി അടുത്ത മാസം അവസാനിക്കും. കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും കാരണം കോടതി ദീർഘകാലം അടിച്ചിടേണ്ടി വന്നതുമൂലം കൂടുതൽ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്.
കഴിഞ്ഞ നവംബറിലാണ് ഈ വർഷം ഓഗസ്റ്റിൽ വിചാരണ പൂർത്തിയാക്കണമെന്നും ഇനി സമയം നീട്ടി നൽകാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നു മേയിൽ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണു വീണ്ടും അപേക്ഷ നൽകിയിരിക്കുന്നത്.