കോവിഡ് പ്രതിരോധം; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി
Friday, July 23, 2021 12:40 AM IST
ന്യൂഡൽഹി: കേരളത്തിന് നൽകിയ 10 ലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇത് ഉപയോഗിച്ചശേഷം ആവശ്യപ്പെടുന്ന മുറയ്ക്കു വീണ്ടും നൽകാൻ തയാറാണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സമീപിച്ച എംപിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ വാക്സിൻ ഡോസുകളുടെ കണക്കുകൾ മന്ത്രി വിശദീകരിച്ചു. കേരളത്തിൽ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടതാണ്. എന്നിട്ടും രോഗവ്യാപനത്തിന് എന്തേ ശമനമില്ലാത്തത് എന്ന് മന്ത്രി ആശങ്കപ്പെട്ടു. വാക്സിനേഷൻ കൃത്യമായി നടത്താനായാൽ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും ആവശ്യാനുസരണം വാക്സിൻ നൽകി സംസ്ഥാനത്തെ സഹായിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.