പെഗാസസ് വലയിൽ ദലൈലാമയും
Friday, July 23, 2021 12:43 AM IST
ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും മറ്റു ബുദ്ധ സന്യാസികളും രണ്ടു വർഷത്തോളം പെഗാസസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നു വെളിപ്പെടുത്തൽ. നയതന്ത്ര പ്രതിനിധി തെംപ സെറിംഗിന്റെ ഫോണിൽനിന്നുള്ള വിവരങ്ങളും ചോർത്തിയിരുന്നു. നിലവിൽ ദലൈലാമയുടെ ഡൽഹി ഓഫീസിൽ ഇന്ത്യ ആൻഡ് ഈസ്റ്റ് ഏഷ്യ വകുപ്പിന്റെ ഡയറക്ടറാണ് തെംപ സെറിംഗ്. ദലൈലാമയുടെ മുതിർന്ന സഹചാരികളായ ടെൻസിൻ തഖ്ല, ചിമ്മി റിഗ്സെൻ എന്നിവരുടെ ഫോണുകളിലും പെഗാസസിന്റെ ഒളിക്കണ്ണ് പതിഞ്ഞിരുന്നു.
സിബിഐ മുൻ ഡയറക്ടർ അലോക് വർമ, റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി, ദാസോ പ്രതിനിധി എന്നിവരുടെ ഫോണുകളും ചോർത്തി.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മാദ്ബൗളി, മൊറോക്കോ പ്രധാനമന്ത്രി സാദ് എദ്ദിൻ എൽ ഒത്ത്മാനി, ഇറാക്ക് പ്രസിഡന്റ് ബർഹാം സാലിഹ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമാഫോസ, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ എന്നീ ലോക നേതാക്കളെക്കൂടാതെ മുൻ ബെൽജിയം പ്രസിഡന്റ്, മുൻ അസർബൈജാൻ പ്രധാനമന്ത്രി, മുൻ അൾജീരിയ പ്രധാനമന്ത്രി, ഉഗാണ്ടയുടെ മുൻ പ്രധാനമന്ത്രി എന്നിവരും നിരീക്ഷണ പട്ടികയിലുണ്ട്.
പെഗാസസിന്റെ ചാരക്കണ്ണ് പതിഞ്ഞ 115 ഇന്ത്യക്കാരുടെ പേരു വിവരങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. "ദി വയർ’ആണ് ഈ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ഇതുവരെ പുറത്തു വന്ന പേരുകൾ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ അശോക് ലവാസ എന്നിവരുടെ പേരുകളുണ്ട്.
മാധ്യപ്രവർത്തകരിൽ എം.കെ വേണു, സിദ്ധാർഥ വരദരാജൻ, പരഞ്ജോയ് ഗുഹ താക്കൂർത്ത, മലയാളിയായ ജെ. ഗോപീകൃഷ്ണൻ, സന്ദീപ് ഉണ്ണിത്താൻ, ഹിന്ദുസ്ഥാൻ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ ശിശിർ ഗുപ്ത, ഇഫ്തികർ ഗിലാനി എന്നിവർ ഉൾപ്പടെ നാൽപത് പേരുണ്ട്.
രാഹുൽ ഗാന്ധിക്കു പുറമേ അദ്ദേഹത്തിന്റെ അനുയായികളായ അലങ്കാർ സോളങ്കി, എഐസിസി അംഗം സച്ചിൻ റാവു എന്നിവരുടെ പേരുകളുമുണ്ട്. തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനർജി, കേന്ദ്രമന്ത്രിമാരായ അശോക് വൈഷണവ്, പ്രഹ്ലാദ് സിംഗ് പാട്ടീൽ, വിശ്വഹിന്ദു പരിഷത് മുൻ പ്രസിഡന്റ് പ്രവീണ് തൊഗാഡിയ എന്നിവരും നിരീക്ഷണം നേരിട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
നിപ്പ വൈറസിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ നിന്നിരുന്ന രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റ് ഗഗൻദീപ് കാംഗ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ മേധാവി ഹരി മേനോൻ എന്നീ ശാസ്ത്രജ്ഞരുടെ ഫോണുകളിലും ചാരക്കണ്ണുകൾ പതിഞ്ഞിരുന്നു.