പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിദ്ദു ചുമതലയേറ്റു
Saturday, July 24, 2021 1:40 AM IST
ചണ്ഡിഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു ഇന്നലെ ചുമതലയേറ്റു. പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ നാലു വർക്കിംഗ് പ്രസിഡന്റുമാരും ചുമതലയേറ്റു. സിദ്ദുവുമായി ഭിന്നതയിലുള്ള മുഖ്യമന്ത്രി അമരീന്ദർ സിംഗ് ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കുമെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. നേരത്തെ സിദ്ദുവുമായി കൂടിക്കാഴ്ച നടത്താൻ അമരീന്ദർ വിസമ്മതിച്ചിരുന്നു. താൻ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കണമെന്നു വ്യാഴാഴ്ച സിദ്ദു അമരീന്ദറിനോട് അഭ്യർഥിച്ചിരുന്നു. നിലപാട് മയപ്പെട്ട അമരീന്ദർ, സിദ്ദു ചുമതലയേൽക്കും മുന്പ് പാർട്ടി എംഎൽഎമാർക്കായി ചായ സത്കാരം നടത്തി.
ഒരു സ്ഥാനത്തിനും താൻ ആഗ്രഹിച്ചിട്ടില്ലെന്നും കോൺഗ്രസിന്റെ തുടർഭരണമാണു തന്റെ ലക്ഷ്യമെന്നു സിദ്ദു പറഞ്ഞു. സംഗത് സിംഗ് ഗിൽസിയാൻ, സുഖ്വിന്ദർ സിംഗ് ഡാന്നി, പവൻ ഗോയൽ, കുൽജിത് സിംഗ് നഗ്ര എന്നിവരാണു പിസിസി വർക്കിംഗ് പ്രസിഡന്റുമാർ.