അതിർത്തിത്തർക്കം രൂക്ഷമായത് ആസാമിലെ ബിജെപി സർക്കാരിന്റെ വരവോടെയെന്ന് എംപി
Saturday, July 31, 2021 12:59 AM IST
ഗോഹട്ടി: അയൽസംസ്ഥാനങ്ങളുമായുള്ള അതിർത്തിത്തർക്കത്തിൽ ആസാമിലെ ബിജെപി സർക്കാരിനെ കുറ്റപ്പെടുത്തി മേഘാലയയിൽനിന്നുള്ള ലോക്സഭാംഗം വിൻസന്റ് എച്ച്. പാല. തർക്കം മുന്പേയുള്ളതാണെങ്കിലും പുതുതായി ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ സംഘർഷഭരിതമായെന്നാണു പ്രധാനമന്ത്രി നരേന്ദമോദിക്ക് അയച്ച കത്തിൽ അദ്ദേഹം ആരോപിക്കുന്നത്.
പ്രശ്നത്തിലെ ആക്രമണോത്സുക നിലപാട് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കാൻ പ്രധാനമന്ത്രി ഇടപെടണം. ഏറ്റവും വേഗത്തിൽ പ്രശ്നപരിഹാരം വേണമെന്നും മുൻ കേന്ദ്രസഹമന്ത്രികൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.
ആസാം-മിസോറം അതിർത്തിയിൽ അടുത്തിടെ ആറുപേരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണു കത്ത്. ത്രിപുരയും മണിപ്പൂരം ഒഴികെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കെല്ലാം ആസാമുമായി അതിർത്തിത്തർക്കം നിലനിൽക്കുകയാണെന്നും കത്തിൽ അദ്ദേഹം ഓർമിപ്പിക്കുന്നു.