കോവിഡ്: സ്ഥിതി അതിരൂക്ഷമെന്നു കേന്ദ്രം
Wednesday, August 4, 2021 1:11 AM IST
ന്യൂഡൽഹി: കേരളം അടക്കം എട്ടു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിൽ ആർ വാല്യു (റീപ്രൊഡക്ടീവ് നന്പർ) ഒന്നിൽ കൂടുതലുള്ള ഗുരുതര സ്ഥിതിവിശേഷമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിതനായ ഒരാളിൽനിന്ന് എത്ര പേരിലേക്ക് വൈറസ് പകരുന്നുണ്ടെന്ന് കണക്കാക്കുന്ന തോതാണ് ആർ വാല്യു. കേരളത്തിന്റെ ആർ വാല്യു 1.1 ആണ്. അതായത് ഒരാളിൽനിന്ന് ഒന്നിലധികം പേരിലേക്കു രോഗം പകരുന്നുണ്ടെന്നു വ്യക്തം.
കേരളം, തമിഴ്നാട്, മിസോറാം, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആർ വാല്യൂ ഒന്നിൽ കൂടുതൽ ഉള്ളത്. ആർ വാല്യു ഒന്നിനു മുകളിൽ ആണെങ്കിൽ അതിവ്യാപനം നടക്കുന്നുണ്ടെന്നും കർശന നിയന്ത്രണം വേണമെന്നുമാണ് അർഥമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
കേരളത്തിൽ കണ്ടെയ്ൻമെന്റ് നടപടികൾ മെച്ചപ്പെടുത്തണമെന്ന് കോവിഡ് വ്യാപനം വിലയിരുത്താനെത്തിയ വിദഗ്ധസമിതി നിർദേശിച്ചു. ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിൽ കൂടുതലുള്ള ഏക സംസ്ഥാനം കേരളമാണ്. മലപ്പുറത്ത് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സമിതി പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധന നടത്തുന്ന രീതി പോരാ. വീടുകളിലെത്തി നിരീക്ഷണം വേണം. രോഗികളുടെ സന്പർക്കം കൂടുതൽ പരിശോധിക്കണം. വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
വാക്സിനേഷൻ വേഗത്തിലാക്കണമെന്നും സമിതി നിർദേശിക്കുന്നു. കേരളത്തിൽ പത്തു ജില്ലകളിൽ ഉൾപ്പടെ രാജ്യത്ത് 18 ജില്ലകളിൽ കോവിഡ് കുതിച്ചുയരുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് കേസുകളിൽ 47.5 ശതമാനവും ഈ ജില്ലകളിലാണ്. കേരളം, മണിപ്പൂർ, മിസോറാം, നാഗാലാൻഡ് സംസ്ഥാനങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിൽ കൂടുതലുള്ള 44 ജില്ലകളാണുള്ളത്. കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 49.85 ശതമാനവും കേരളത്തിൽ നിന്നാണെന്നും ലവ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് വലിയ തോതിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
സെബി മാത്യു