താലിബാൻ സർക്കാർ നിയമവിരുദ്ധവും നീതിരഹിതവുമെന്നു വിമർശനം
Friday, September 10, 2021 12:16 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രഖ്യാപിച്ച പുതിയ മന്ത്രിസഭ നിയമവിരുദ്ധ വും നീതിരഹിതവുമാണെന്ന കുറ്റപ്പെടുത്തലുമായി ഇന്ത്യയിലെ അഫ്ഗാൻ എംബസി.
വനിതകളുടേയെ അഫ്ഗാനിലെ പരന്പരാഗത ന്യൂനപക്ഷങ്ങളുടെയോ പ്രാതിനിധ്യമി ല്ലാതെ താലിബാൻ സർക്കാർ രൂപീകരിച്ചതിനു പിന്നാലെയാണ് വിമർശനവുമായി എംബസി രംഗത്തെത്തിയത്.
അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലാണ് താലിബാൻ സർക്കാരിനെ കുറ്റപ്പെടുത്തി എം ബസി പ്രസ്താവന ഇറക്കിയിരിക്കുന്നത്. പോളണ്ടിലെ വാർസോയിലെ അഫ്ഗാൻ എംബസിയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഈ പ്രസ്താവന പങ്കു വച്ചിട്ടുണ്ട്.
എന്നാൽ, താലിബാൻ സർക്കാരിനെക്കുറിച്ചോ അഫ്ഗാൻ എംബസിയുടെ പ്രസ്താവനയെക്കുറിച്ചോ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത താലിബാനിൽനിന്ന് അകലം പാലിച്ചു നിൽക്കുകയാണ് ഇന്ത്യയിലെ അഫ്ഗാൻ എംബസി.
താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഇന്ത്യ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടണ മെന്നതാണ് എംബസിയുടെ നിലപാട്. എന്നാൽ, താലിബാൻ സർക്കാരിന്റെ സ്വഭാവം കാത്തിരുന്നു കാണാമെന്ന നിലപാടാണ് നിലവിൽ ഇന്ത്യക്കുള്ളത്. തീവ്രസ്വഭാവം മയപ്പെടുത്തുമെന്ന വാഗ്ദാനത്തിൽനിന്നു താലിബാൻ പിന്മാറിയതായി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന നയതന്ത്ര യോഗത്തിൽ വിലയിരുത്തലുണ്ടായിരുന്നു.
മുൻ അഫ്ഗാൻ സർക്കാർ ഇന്ത്യയിൽ നിയോഗിച്ച എംബസി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ താലിബാൻ സർക്കാരിനെതിരേ രൂക്ഷമായ വിമർശനമാണുള്ളത്. അഫ്ഗാനിലെ ജനങ്ങളുടെ സ്വതന്ത്രമായ അഭിലാഷത്തിൽനിന്നു പിറവിയെടുത്തതാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുംവേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ച ലക്ഷക്കണക്കിന് അഫ്ഗാൻ പൗരന്മാരുടെ കാഴ്ചപ്പാടിൽനിന്നാണ് ആ രാജ്യമുണ്ടായത്.
അങ്ങനെയുള്ളവർ താലിബാന്റെ പുതിയ സർക്കാർ പ്രഖ്യാപനത്തെ അപലപിക്കുകതന്നെ ചെയ്യുമെന്നും എംബസിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പുതിയ സർക്കാരുണ്ടാക്കാനുള്ള താലിബാന്റെ തീരുമാനം അഫ്ഗാനിലെ ഭൂരിപക്ഷ ജനതയുടെ ആഗ്രഹത്തിന് നേർവിപരീതമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും അഖണ്ഡതയും അഭിവൃദ്ധിയും തടസപ്പെടുത്തുന്ന തീരുമാനമാണിതെന്നും കുറ്റപ്പെടുത്തലുണ്ട്.
അന്താരാഷ്ട്ര കരാറുകൾക്കും ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷ കൗണ്സിലിന്റെയും ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്സിന്റെയും പ്രമേയങ്ങൾ ക്കും വിരുദ്ധമായാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും അഫ്ഗാൻ എംബസിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
സെബി മാത്യു