മൗലികവാദം തടയാൻ ഷാംഗ്ഹായ് സഹകരണ സമിതി ചട്ടക്കൂടുണ്ടാക്കണം: മോദി
Saturday, September 18, 2021 12:14 AM IST
ന്യൂഡൽഹി: മധ്യേഷ്യയിൽ ശക്തിപ്രാപിക്കുന്ന മൗലികവാദവും തീവ്രവാദവും നേരിടാൻ പൊതു ചട്ടക്കൂട് ഉണ്ടാക്കണമെന്നു ഷാംഗ്ഹായ് സഹകരണ സമിതിയുടെ ഇരുപതാം വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
സമാധാനം, സുരക്ഷ, വിശ്വാസമില്ലായ്മ എന്നീ പ്രശ്നങ്ങളാണു മധ്യേഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്നും ഇതിന്റെ മൂലകാരണം മൗലികവാദം വർധിച്ചുവരുന്നതാണെന്നും ഉച്ചകോടിയിൽ വെർച്വലായി പ്രസംഗിക്കവേ മോദി പറഞ്ഞു.
അടുത്തിടെ അഫ്ഗാനിസ്ഥാനിലുണ്ടായ സംഭവങ്ങൾ ഇതിനുദാഹരണമാണ്. സഹിഷ്ണുത, മിതവാദം, സമഗ്രത എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായ ഇസ്ലാമിക സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ഒരു ശൃംഖലയും ഷാംഗ്ഹായ് സഹകരണസമിതി ആരംഭിക്കണം. മൗലികവാദം, അസ്ഥിരത മുതലായ കാരണങ്ങളാൽ മധ്യേഷ്യയിലെ സാന്പത്തിക പ്രാധാന്യമുള്ള വിഭവങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി.