റിക്കാർഡ് വാക്സിനേഷൻ ചില പാർട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കി: പ്രധാനമന്ത്രി
Saturday, September 18, 2021 11:47 PM IST
ന്യൂഡൽഹി: രാജ്യത്ത് റിക്കാർഡ് വാക്സിനേഷൻ നടന്നതു ചില രാഷ്ട്രീയ പാർട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനു നേർക്കായിരുന്നു മോദിയുടെ ഒളിയന്പ്.
മോദിയുടെ 71-ാമത് ജന്മദിനമായിരുന്ന ഇന്നലെ ഒരു ദിവസംകൊണ്ട് രണ്ടരക്കോടി വാക്സിനു കളാണു നൽകിയത്. ഗോവയിൽ മുഴുവൻ ജനങ്ങൾക്കും ഇന്നലെ വൈകുന്നേരത്തോടെ ഒന്നാം ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞു. ഗോവയുടെ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും ആരോഗ്യപ്രവർത്തകരെയും മോദി വീഡിയോ കോണ്‍ഫറൻസിലൂടെ അഭിനന്ദിച്ചു.
ലോകത്തിലെ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്. ഒരു മിനിറ്റിൽ 26,000 വാക്സിൻ എന്ന നിരക്കിൽ മണിക്കൂറിൽ 15 ലക്ഷം വാക്സിനാണ് നൽകിയത്. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി ഈ നേട്ടത്തിനായി സഹായിച്ച മുഴുവൻ ആളുകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ജന്മദിനങ്ങൾ ആഘോഷിക്കാത്ത തനിക്ക് ഇന്നലെ രാജ്യം സ്വന്തമാക്കിയ നേട്ടം വൈകാരികമായ അനുഭവമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.