അപമാനിക്കപ്പെട്ടു: അമരീന്ദർ
Saturday, September 18, 2021 11:47 PM IST
ന്യൂഡൽഹി: ""ചർച്ചകൾ നടന്ന രീതിയിൽ അപമാനിതനായി തോന്നുന്നു. ഒന്നല്ല, മൂന്നു തവണ. മൂന്നാം തവണയാണു തന്നെ അറിയിക്കാതെ കോണ്ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചത്. അതിനാൽ രാജിവയ്ക്കുകയാണെന്നു സോണിയ ഗാന്ധിയെ അറിയിച്ചു.
സർക്കാരിനെ നയിക്കാൻ കഴിയില്ലെന്ന സംശയത്തിന്റെ ഒരു കണികയെങ്കിലുമുണ്ടെങ്കിൽ താൻ അപമാനിതനായെന്നു തോന്നുന്നു. വിശ്വാസമുള്ള വ്യക്തിയെ മുഖ്യമന്ത്രിയാക്കാൻ ഇനി ഹൈക്കമാൻഡിനു കഴിയും. അപമാനിതനായി തുടരാനാകില്ല.'' -രാജിക്കു ശേഷം പത്രസമ്മേളനത്തിൽ അമരീന്ദർ സിംഗ് തുറന്നടിച്ചു.
രാഷ്ട്രീയത്തിൽ സാധ്യതകൾ എപ്പോഴും തുറന്നുകിടക്കുകയാണ്. അതിവേഗം നീങ്ങുന്ന ഗെയിമാണു രാഷ്ട്രീയം. ഏതെങ്കിലും പാർട്ടിയിൽ ചേരുമോയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാതെയായിരുന്നു ഈ പ്രതികരണം. താൻ വലത്തോട്ടു വലിക്കുന്പോൾ സിദ്ദു (പിസിസി പ്രസിഡന്റ്) ഇടത്തോട്ടു വലിച്ചാൽ പാർട്ടിക്കു പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഹൈക്കമാൻഡിനോടു പറഞ്ഞിരുന്നു.
പാർട്ടിയെ പിളർപ്പിലേക്കു നയിക്കാനേ ഇത്തരം നടപടി സഹായിക്കൂവെന്നും ഓർമിപ്പിച്ചിരുന്നു- സിദ്ദുവുമായുള്ള ഭിന്നത മറച്ചുവയ്ക്കാതെ അമരീന്ദർ പറഞ്ഞു.
കോണ്ഗ്രസ് മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ താൻ പാർട്ടിയിൽ തുടരും. അനുയായികളുമായി ആലോചിച്ചു ഭാവിപരിപാടികൾ തീരുമാനിച്ച് പത്രലേഖകരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.