സൈലന്റ് വാലി ബഫർ സോൺ : കരട് വിജ്ഞാപനത്തിന് അതേപടി അംഗീകാരം
Sunday, September 19, 2021 12:54 AM IST
ന്യൂഡല്‍ഹി: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖല (ബഫര്‍ സോണ്‍) തീരുമാനമായി. അന്തിമ വിജ്ഞാപനത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അംഗീകാരം നല്കി.
മന്ത്രാലയം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 ന് പുനഃപ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ മാറ്റമില്ലാതെയാണ് അംഗീകാരം നല്‍കിയത്. പാര്ക്കിന് ചുറ്റും പൂജ്യം മുതല്‍ 9.8 കിലോമീറ്റർ വരെ പ്രദേശമാണ് പരിസ്ഥിതി സംവേദക മേഖലയായി(ഇഎസ്ഇസെഡ്) വിജ്ഞാപനം ചെയ്യുന്നത്. 148 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്ഇസഡ് ആകുന്നത്. പൊതുജനാഭിപ്രായം തേടിയതിന്റെ റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിഗണിച്ചു.
കരട് വിജ്ഞാപനത്തെകുറിച്ചുള്ള ആശങ്കകള്‍ക്കും പരാതികള്‍ക്കും വിശദീകരണം നല്‍കിയിട്ടുണ്ട്. അതിനാല്‍ അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ചു പ്രദേശ വാസികളില്‍നിന്ന് അഭിപ്രായം സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചു. പ്രദേശത്തിന്റെ ഡിജിറ്റലൈസ്ഡ് മാപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.