പട്ടണം, മതിലകം ഉത്ഖനനം: അനുമതി പിൻവലിച്ചതിനെതിരേ ഹർജി
Wednesday, September 22, 2021 12:21 AM IST
ന്യൂഡൽഹി: മുസിരിസ് പര്യവേക്ഷണത്തിന്റെ ഭാഗമായ പട്ടണം, മതിലകം എന്നീ സ്ഥലങ്ങളിലെ ഉത്ഖനനത്തിന് നൽകിയ അനുമതി പിൻവലിച്ചതിനെതിരേ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
സ്വകാര്യ ഗവേഷണ ഏജൻസിയായ പാമയുടെ ഡയറക്ടർ പി.ജെ. ചെറിയാനാണ് ഹർജി നൽകിയത്. മുസിരിസ് പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിന് സമീപത്തെ പട്ടണം, തൃശൂർ ജില്ലയിലെ മതിലകം എന്നീ പ്രദേശങ്ങളിൽ ഉത്ഖനനം നടത്തുന്നതിന് പാമ എന്ന സ്വകാര്യ ഗവേഷണ ഏജൻസിക്കാണ് ആർക്കിയോളോജിക്കൽ സർവേ ഒഫ് ഇന്ത്യ അനുമതി നൽകിയിരുന്നത്.