പഞ്ചാബ് മന്ത്രിസഭയിൽ ഏഴ് പുതുമുഖങ്ങൾ
Saturday, September 25, 2021 11:53 PM IST
അമൃത്സർ: പഞ്ചാബിൽ ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ഏഴു പേർ പുതുമുഖങ്ങളായിരിക്കുമെന്ന് സൂചന. മന്ത്രിമാരുടെ പട്ടിക കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അംഗീകരിച്ചതായി നേതാക്കൾ വ്യക്തമാക്കി.
നേതൃത്വത്തിനെതിരേ നിലപാടെടുത്ത മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനൊപ്പമുണ്ടായിരുന്ന അഞ്ച് മന്ത്രിമാരെ ഒഴിവാക്കിയേക്കും. ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണർ ബൻവാരിലാൽ പുരോഹിതിനെ സന്ദർശിച്ചു. ഇന്നു നാലരയ്ക്കു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
പർഗത് സിംഗ്, രാജ് കുമാർ വെർക, ഗുർകിരാത് സിംഗ് കോടിൽ, സംഗത് സിംഗ് ഗിൽസിയാൻ, അമരീന്ദർ സിംഗ് രാജ വാറിംഗ്, കുൽജിത് നാഗ്ര, റാണ ഗുർജിത് സിംഗ് എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പാക്കിയവർ.
മുൻ സർക്കാരിന്റെ ഭാഗമായിരുന്ന വിജയ് ഇന്ദർ സിൻഗ്ല, മൻപ്രീത് സിംഗ് ബാദൽ, ബെർഹാം മൊഹീന്ദ്ര, സുഖ്ഭിന്ദർ സിംഗ് സർകാരിയ, ത്രിപത് രജിന്ദർ സിംഗ് ബാജ്വസ അരുണ ചൗധരിസ, റസിയ സുൽത്താന, ഭരത് ഭൂഷൺ ആസു എന്നിവരും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും.