ഒഡീഷയിൽ മഴ കനത്തു
Sunday, September 26, 2021 10:59 PM IST
ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ഗുലാബ് ചുഴലിക്കാറ്റായി ഒഡീഷ തീരത്തോടടുത്തു. ഇതോടെ ഒഡീഷയുടെ തെക്കൻ ജില്ലകളിൽ മഴ കനത്തു.
നാലു മാസത്തിനിടെ ഒഡീഷയിലെത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഗുലാബ്. വടക്കൻ ആന്ധ്രാതീരത്തും ഒഡീഷയുടെ തെക്കൻ തീരത്തും മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശുക .
ഒഡീഷ റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേനാംഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ജാഗ്രതമുന്നറിയിപ്പുള്ള തെക്കൻ ഒഡീഷയിലെ ഏഴു ജില്ലകളിലെ ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. മത്സ്യബന്ധനം ഒഴിവാക്കണമെന്നു കർശന നിർദേശം നല്കിയിട്ടുണ്ട്.