ബിഎസ്എഫിന്റെ അധികാരം പരിധി: പഞ്ചാബ് മന്ത്രിസഭയിൽ എതിർപ്പ്
Tuesday, October 19, 2021 1:28 AM IST
ചണ്ഡിഗഡ്: അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് ബിഎസ്എഫിനുള്ള അധികാരപരിധി ഉയർത്തിയ കേന്ദ്രത്തിനെതിരേ പഞ്ചാബ് കാബിനറ്റ് യോഗത്തിൽ പ്രതിഷേധം. സംസ്ഥാനത്തിനുള്ളിലെ ക്രമസമാധാനം നിയന്ത്രിക്കാൻ പോലീസ് ശക്തമാണെന്നും യോഗം വിലയിരുത്തി.
അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ ഉള്ളിൽ റെയ്ഡ്, അറസ്റ്റ് എന്നിവ നടത്താൻ ബിഎസ്എഫിന് പഞ്ചാബ്, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിൽ അധികാരം നൽകി കേന്ദ്രം കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നേരത്തേ ദൂരപരിധി 15 കിലോമീറ്ററായിരുന്നു. കേന്ദ്രസർക്കാരിന്റെ നീക്കത്തെ എതിർക്കുന്നതായും ക്രമസമധാനപാലനം സംസ്ഥാന സർക്കാരിന്റെ വിഷയമാണെന്നും പ്രത്യേക കാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി ചന്നി പറഞ്ഞു.