കർഷകരുടെ പ്രശ്നം പരിഹരിക്കാതെ ബിജെപി അധികാരം നിലനിർത്തില്ലെന്ന്
Tuesday, October 19, 2021 1:28 AM IST
ഝൂൻഝുനു: കർഷകസമരത്തിന്റെ പേരിൽ ബിജെപിക്കെതിരേ വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകരുടെ പ്രശ്നം പരിഹരിക്കാതെ ബിജെപി അധികാരം നിലനിർത്തില്ലെന്ന് മാലിക് പറഞ്ഞു.
രാജസ്ഥാനിലെ ഝൂൻഝുനുവിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകർ മാസങ്ങളായി സമരം നടത്തുന്നു. ഈ വിഷയം സർക്കാർ പരിഹരിക്കണം. ഞാൻ മീററ്റ് സ്വദേശിയാണ്. എന്റെ നാട്ടിൽ ഒരു ബിജെപി നേതാവിനും ഗ്രാമങ്ങളിൽ പ്രവേശനമില്ല.
മീററ്റ്, മുസാഫർനഗർ, ബാഗ്പത് എന്നിവിടങ്ങളിലൊന്നും ബിജെപിക്കാർക്കു പ്രവേശിക്കാനാവുന്നില്ല. കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും വഴക്കിടേണ്ടി വന്നു -സത്യപാൽ മാലിക് പറഞ്ഞു.