കേന്ദ്രസർക്കാരിന്റെ വാക്സിൻ റിക്കാർഡിനെ വിമർശിച്ച് കോണ്ഗ്രസ്
Saturday, October 23, 2021 12:21 AM IST
ന്യൂഡൽഹി: രാജ്യത്ത് നൂറു കോടിയാളുകൾക്ക് വാക്സിൻ നൽകിയെന്ന കേന്ദ്ര സർക്കാരിന്റെ പ്രചരണങ്ങൾ അർധ സത്യം മാത്രമെന്ന് കോണ്ഗ്രസ്. രാജ്യത്തെ ജനസംഖ്യയുടെ 21% ആളുകൾ മാത്രമാണ് മുഴുവൻ ഡോസ് വാക്സിനുകളും സ്വീകരിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് ശേഷം രാജ്യത്ത് വാക്സിനേഷനിൽ അറുപത് ശതമാനത്തോളം കുറവാണ് സംഭവിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിവസേന 40 ലക്ഷത്തിനടുത്ത് വാക്സിനുകൾ മാത്രമേ രാജ്യത്ത് നല്കുന്നുള്ളു.
ഇപ്പോഴത്തെ നിരക്കിൽ 2021 ഡിസംബർ അവസാനത്തോടെ പതിനെട്ട് വയസിന് മുകളിലുള്ള രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും രണ്ട് ഡോസ് വാക്സിനും നൽകുമെന്ന ബിജെപിയുടെ അവകാശ വാദം സാധ്യമാകുന്നത് എങ്ങനെയെന്ന് കോണ്ഗ്രസ് നേതാക്കൾ ചോദിച്ചു.