ആർഎസ്എസ് വലതുപക്ഷ സംഘടനയല്ലെന്ന് നേതാവ്
Saturday, October 23, 2021 11:59 PM IST
ന്യൂഡൽഹി: ആർഎസ്എസിന്റെ അന്തരംഗത്തിലും കമ്യൂണിസത്തിന്റെ ചുവപ്പുണ്ടെന്നും അത് ഒരു വലതുപക്ഷ സംഘടനയല്ലെന്നും സംഘടനയിലെ രണ്ടാമനും സർകാര്യവാഹകുമായ ദത്താത്രേയ ഹൊസബുളേ.
എന്നാൽ, പൂർണ അർഥത്തിലുള്ള കമ്യൂണിസം ഇതിനോടകം മരിച്ചു കഴിഞ്ഞു. ഇടത്, വലത്, പശ്ചാത്യം, പൗരസ്ത്യം തുടങ്ങിയ വ്യത്യാസങ്ങൾ ലോകത്ത് ഇല്ലാതായെന്നും എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്നും ദത്താത്രേയ ഹൊസബുളേ പറഞ്ഞു. ആർഎസ്എസ് നേതാവ് റാം മാധവിന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പരാമർശം.
ഹിന്ദുത്വം എന്നത് ഇടതോ വലതോ പക്ഷത്തുള്ള ആശയമല്ല. ആർഎസ്എസിന്റെ പല ആശയങ്ങളും ഇടത് സ്വഭാവമുള്ളതാണ്. 1947ൽ സൃഷ്ടിക്കപ്പെട്ടതല്ല ഇന്ത്യ. നീതിന്യായരംഗത്തെയും ഭരണസംവിധാനത്തിലെയും ബ്രിട്ടീഷ് സ്വാധീനം പൂർണമായി ഇല്ലാതാക്കിയാലേ എല്ലാ അർഥത്തിലും സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പറയാനാകൂവെന്നും ദത്താത്രേയ ഹൊസബുളേ കൂട്ടിച്ചേർത്തു.