കോൺഗ്രസ് അംഗത്വത്തിന് ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകേണ്ടിവരും
Saturday, October 23, 2021 11:59 PM IST
ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രാഥമിക അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്നവർ മദ്യമുൾപ്പെടെ ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നും പാർട്ടി നയങ്ങളെ പൊതുവേദികളിൽ വിമർശിക്കില്ലെന്നും ഉറപ്പുനൽകേണ്ടിവരും.
നിയമവിരുദ്ധമായി സ്വത്തുക്കൾ കൈവശം വച്ചിട്ടില്ലെന്നും ശാരീരികാധ്വാനം വേണ്ടിവരുന്നതുൾപ്പെടെ പാർട്ടി നിർദേശിക്കുന്ന ഏതു ദൗത്യവും നിർവഹിക്കാൻ സന്നദ്ധനാണെന്നും ഖാദി സ്ഥിരമായി ഉപയോഗിക്കുമെന്നും ഉൾപ്പെടെയുള്ള പത്തിന നിർദേശങ്ങൾ അംഗീകരിക്കേണ്ടി വരും.
ഇവയെല്ലാം പാർട്ടി ഭരണഘടനയിൽ ഉള്ളവയാണെന്നും പുതിയവരുൾപ്പെടെ മുഴുവൻ പാർട്ടി അംഗങ്ങളും നിർദേശങ്ങൾ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അഥോറിറ്റി ചെയർമാൻ മധുസൂതനൻ മിസ്ത്രി പറഞ്ഞു. നവംബർ ഒന്നിന് ആരംഭിക്കുന്ന കോൺഗ്രസ് അംഗ്വത കാന്പയിൻ അടുത്ത മാർച്ച് 31 നാണ് അവസാനിക്കുക. ഇതിനുശേഷമായിരിക്കും സംഘടനാ തെരഞ്ഞെടുപ്പ്.