യുപി സർക്കാർ അവാർഡ് ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി
Saturday, December 4, 2021 12:42 AM IST
ലക്നോ: സമൂഹത്തിലെ ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ സമഗ്രവികസനത്തിന് ഉത്തർപ്രദേശ് സർക്കാർ നൽകുന്ന അവാർഡ് നജീബാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേംധാം ആശ്രമം സഹസ്ഥാപകൻ ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി.
അന്താരാഷ്ട്ര ഭിന്നശേഷീദിനമായ ഇന്നലെ ലക്നോവിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ചു. 2009ൽ ഫാ. ഷിബു തോമസും ഫാ. ബെന്നി തെക്കേക്കരയും ചേർന്നു അനാഥരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ഉന്നമനത്തിനായി രൂപീകരിച്ചതാണ് പ്രേംധാം ആശ്രമം. ഫാ. ഷിബു തോമസ് കോട്ടയം മാഞ്ഞൂർ സൗത്ത് തുണ്ടത്തിൽ കുടുംബാംഗവും ഫാ. ബെന്നി അങ്കമാലി തുറവൂർ തെക്കേക്കര കുടുംബാംഗമാണ്.