സ്വതന്ത്രനായി മത്സരിക്കുമെന്നു പഞ്ചാബ് മന്ത്രിയുടെ മകനും
Tuesday, January 18, 2022 1:19 AM IST
ചണ്ഡിഗഡ്: പഞ്ചാബിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്നു മന്ത്രി റാണാ ഗുർജീത് സിംഗിന്റെ മകൻ റാണാ ഇന്ദർ പ്രതാപ് സിംഗ്.
സുൽത്താൻപുർ ലോധി മണ്ഡലത്തിലാകും പ്രതാപ് സിംഗ് മത്സരിക്കുക. ഈ സീറ്റ് പ്രതാപ് സിംഗ് മോഹിച്ചിരുന്നെങ്കിലും സിറ്റിംഗ് എംഎൽഎ നവ്തേജ് സിംഗ് ചീമയ്ക്കു നല്കി. തുടർന്നാണ് പ്രതാപ് സ്വതന്ത്രനാകാൻ തീരുമാനിച്ചത്.
ബസി പത്താന സീറ്റ് കിട്ടാത്തത്തിനാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെ സഹോദരൻ മനോഹർ സിംഗ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. മന്ത്രിപുത്രനും സ്വതന്ത്രനായി രംഗത്തിറങ്ങുന്നതു കോൺഗ്രസിനു വീണ്ടും തലവേദനയായി.
പഞ്ചാബ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി റാണാ ഗുർജീത് സിംഗ് കപൂർത്തലയിലെ സിറ്റിംഗ് എംഎൽഎയാണ്. ഈ മണ്ഡലം അദ്ദേഹത്തിനുതന്നെ നല്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് ഒരു സീറ്റ് എന്നതാണു കോൺഗ്രസിന്റെ നയം.