പട്ടിണിമരണം :കേന്ദ്രം മാതൃകാ പദ്ധതി തയാറാക്കണമെന്നു സുപ്രീംകോടതി
Wednesday, January 19, 2022 1:20 AM IST
ന്യൂഡൽഹി: രാജ്യവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കുന്നതിനായി മാതൃകാ പദ്ധതി തയാറാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി.
സമൂഹ അടുക്കളകളുടെ നടത്തിപ്പിനായി സംസ്ഥാനങ്ങൾക്ക് അധിക ഭക്ഷ്യധാന്യങ്ങൾ നൽകണമെന്നും നിർദേശം നൽകി. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ചരക്കുനീക്കം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നാണ് കോടതി ഇന്നലെ വ്യക്തമാക്കിയത്.
പട്ടിണിമരണങ്ങൾ ഒഴിവാക്കുന്നതിനായി രാജ്യവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ഹർജിയിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവരുൾപ്പെട്ട ബെഞ്ചാണു നിർദേശം നൽകിയത്. ഹർജിയിൽ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും വാദം കേൾക്കും.
സമൂഹ അടുക്കളകളുടെ പ്രവർത്തനത്തിനുവേണ്ടി സംസ്ഥാനങ്ങൾക്കു കൂടുതൽ ഫണ്ട് നൽകാനാകില്ല എന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി. പദ്ധതി നടത്തിപ്പിനായി തങ്ങൾക്ക് രണ്ടു ശതമാനം അധികം ഭക്ഷ്യധാന്യം വേണമെന്ന യുപി സർക്കാരിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുന്നു. രണ്ടു ശതമാനം അധിക ഭക്ഷ്യധാന്യം എന്നത് മറ്റു സംസ്ഥാനങ്ങൾക്കുകൂടി സ്വീകാര്യമാണോ എന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടത്തിപ്പിനായി സംസ്ഥാനങ്ങൾ അവരവരുടെതന്നെ സാന്പത്തിക സ്രോതസ് ഉപയോഗിക്കേണ്ടിവരും. പണം കണ്ടെത്താൻ ചിലപ്പോൾ അധികനികുതി ചുമത്തേണ്ടിവന്നേക്കാം. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ഒരു മാതൃകാ പദ്ധതിക്കു രൂപം നൽകാമെന്നും സർക്കാർ വ്യക്തമാക്കി.
ഈ സമയത്തിനിടെ പോഷാകാഹാരക്കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് എന്തെങ്കിലും നിർദേശമോ പരാതിയോ ഉണ്ടായാൽ എത്രയും പെട്ടെന്ന് സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
പട്ടിണിമരണങ്ങൾ ഉൾപ്പെടെ വിവരങ്ങൾ കൃത്യമായി നൽകാത്ത സംസ്ഥാനങ്ങൾക്കു നേരത്തേ പിഴ ചുമത്തിയത് ഇന്നലെ സുപ്രീംകോടതി ഒഴിവാക്കി. വിഷയത്തിനു വേണ്ടത്ര ഗൗരവം കൊടുത്തു കാണാതിരുന്നതുകൊണ്ടാണ് പിഴ ചുമത്തേണ്ടിവന്നതെന്നും കോടതി വിശദീകരിച്ചു. നടപടികൾ സമയബന്ധിതമായി കർശനമായി പൂർത്തിയാക്കണമെന്നും നിർദേശിച്ചു.
കേന്ദ്രസർക്കാർ പണം നൽകിയാൽ സമൂഹ അടുക്കളകൾ ആരംഭിക്കാമെന്നാണു ചില സംസ്ഥാനങ്ങളുടെ നിലപാട്. ചില സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ പദ്ധതി തുടങ്ങുകയും കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പദ്ധതി തുടങ്ങാൻ ഇനിയും മുന്നോട്ടു വരാത്ത ചില സംസ്ഥാനങ്ങളുണ്ട്. കേന്ദ്രം പണം നൽകിയാൽ തങ്ങൾ ആരംഭിക്കാം എന്നതാണ് അവരുടെ നിലപാടെന്നും കോടതി ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തലത്തിൽ സമൂഹ അടുക്കളകൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു സോളിസിറ്റർ ജനറൽ പറഞ്ഞപ്പോൾ സർക്കാർ ഇതിനെ വൈരാഗ്യബുദ്ധിയോടെയുള്ള നിയമപോരാട്ടമായി കണക്കാക്കരുതെന്നായിരുന്നു കോടതിയുടെ മറുപടി. പ്രായോഗികമായ വഴി സർക്കാർ കണ്ടെത്തണം. ഇതൊരു മാനുഷിക പ്രശ്നമായി സർക്കാർ കണക്കാക്കണമെന്നും ചീഫ് ജസ്റ്റീസ് നിർദേശിച്ചു.
പദ്ധതിക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ സംസ്ഥാനങ്ങൾ കണ്ടെത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ അടുത്ത വാദം. അതുതന്നെയാണ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് കോടതിയും വ്യക്തമാക്കി. അതിനാണ് ഒരു മാതൃകാ പദ്ധതി തയാറാക്കാൻ പറഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി.
സെബി മാത്യു