ഇന്ത്യൻ യുവാവിനെ ചൈന റാഞ്ചിയതിൽ മോദിക്കെതിരേ രാഹുൽ
Friday, January 21, 2022 12:40 AM IST
ന്യൂഡൽഹി: അതിർത്തിയിൽ കടന്നുകയറി ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ത്യൻ പൗരന്റെ ജീവനു വില കൽപ്പിക്കാത്തതുപോലെ തണുത്ത പ്രതികരണമാണു പ്രധാനമന്ത്രിയുടെ മൗനമെന്നു കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
അരുണാചൽ പ്രദേശിലെ സിഡോ മേഖലയിലുള്ള അപ്പർ സിയാംഗ് ജില്ലയിലെ ലുഗ്ത ജോർ പ്രദേശത്തുനിന്നാണു 17-കാരനായ മിരാം താരോണിനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) റാഞ്ചിയത്. റിപ്പബ്ലിക് ദിനത്തിന് ഏതാനും ദിവസം മുന്പാണ് ഇന്ത്യൻ യുവാവിനെ ചൈന തട്ടിക്കൊണ്ടുപോയത്.
മിരാം തരോണിന്റെ കുടുംബത്തോടൊപ്പമാണു ഞങ്ങൾ. പ്രതീക്ഷ കൈവിടുന്നില്ല, കൈവിടില്ല. പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ നാണംകെട്ട മൗനം, അദ്ദേഹം ഇതിനൊന്നും വില കൊടുക്കുന്നില്ല എന്നാണു വെളിവാക്കുന്നത്- ട്വിറ്ററിൽ രാഹുൽ കുറ്റപ്പെടുത്തി.
ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം റാഞ്ചിയ സംഭവം തീർത്തും ദൗർഭാഗ്യകരമാണെന്നു അരുണാചലിലെ പസീഗാട്ട് വെസ്റ്റ് കോണ്ഗ്രസ് എംഎൽഎ നിനോംഗ് എറിംഗ് പറഞ്ഞു. അരുണാചലിൽ വീണ്ടും ഉണ്ടായ ഗൗരവമായ സംഭവമാണിത്.
ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് ചൈനീസ് കടന്നുകയറ്റം ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. സംഭവം ശരിയാണെന്നു യിംഗ്കിയോംഗ് പോലീസ് സൂപ്രണ്ട് തന്നോടു സ്ഥിരീകരിച്ചതായും എംഎൽഎ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ ചൈനക്കാർ തട്ടിക്കൊണ്ടു പോയ യുവാവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം തടയാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് അരുണാചൽ പ്രദേശ് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ജോർജ് കള്ളിവയലിൽ