വിദ്വേഷപ്രസംഗം: സിദ്ദുവിന്റെ ഉപദേശകനെതിരേ കേസ്
Monday, January 24, 2022 1:14 AM IST
ചണ്ഡിഗഡ്: വിദ്വേഷപ്രസംഗം നടത്തിയെന്ന കുറ്റത്തിന് പഞ്ചാബ് പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ മുഖ്യ ഉപദേശകനും മുൻ ഡിജിപിയുമായ മുഹമ്മദ് മുസ്തഫയ്ക്കെതിരേ കേസെടുത്തു. ഏതാനുംദിവസം മുന്പ് മാലെർകോട്ലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണു മന്ത്രി റസിയ സുൽത്താനയുടെ ഭർത്താവുകൂടിയായ മുസ്തഫയ്ക്കെതിരേ കേസെടുത്തത്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുഹമ്മദ് മുസ്തഫയ്ക്കെതിരേ നടപടി വേണമെന്ന് പ്രതിപക്ഷകക്ഷികളായ ബിജെപിയും ആം ആദ്മി പാർട്ടിയും മാത്രമല്ല മുതിർന്ന കോൺഗ്രസ് നേതാക്കളും ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഏതെങ്കിലുമൊരു വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നില്ല മറിച്ച് വിധ്വംസക ശക്തികൾക്കെതിരേയായിരുന്നു പരാമർശമെന്നാണു മുഹമ്മദ് മുസ്തഫയുടെ വിശദീകരണം.