മന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നു കേജരിവാൾ; തിരിച്ചടിച്ചു ബിജെപി
Monday, January 24, 2022 1:32 AM IST
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി തന്റെ മന്ത്രിസഭയിൽ അംഗമായ സത്യേന്ദർ ജയിനിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നു വിവരം ലഭിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന തിരിച്ചറിവിലാണു ബിജെപിയുടെ ഈ നീക്കമെന്നു കേജരിവാൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പിന്നാലെ, ആരോപണങ്ങൾക്കു മറുപടിയുമായി ബിജെപി രംഗത്തെത്തി. ഇഡിക്കെതിരായ പരാമർശത്തിലൂടെ ഏജൻസിക്കുമേൽ സമ്മർദം ചെലുത്താനും പൊതുജനങ്ങളുടെ അനുകന്പ പിടിച്ചുപറ്റാനുമാണു കേജരിവാൾ ശ്രമിക്കുന്നതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു. ജയിനിനെതിരേ ശക്തമായ തെളിവുണ്ടെന്ന് കേജരിവാളിനറിയാമെന്നും ഗുപ്ത കൂട്ടിച്ചേർത്തു. കേജരിവാൾ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയാണ് സത്യേന്ദർ ജയിൻ.