ഉപരാഷ്ട്രപതിക്ക് കോവിഡ് സ്ഥിരീകരിച്ചു
Monday, January 24, 2022 1:51 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി സന്പർക്കത്തിൽ ഉണ്ടായിരുന്നവരോട് ആവശ്യമായ മുൻകരുതലെടുക്കാനും പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തിന്റെ ഭാഗമായി ഇന്നലെ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് കോവിഡ് പരിശോധന നടത്തിയത്. പരിപാടിയുടെ ചിത്രം ഉപരാഷ്ട്രപതി തന്നെ ട്വീറ്റ് ചെയ്തിരുന്നു. മഹാനായ ദേശീയവാദിയും ഇതിഹാസ സ്വാതന്ത്ര്യ സമരസേനാനിയും ക്രാന്തദർശിയായ നേതാവുമായ നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരങ്ങൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.