കർഷകവിരുദ്ധം: കോണ്‍ഗ്രസ്
സ്വന്തം ലേഖകൻ
Sunday, May 15, 2022 1:26 AM IST
ന്യൂഡൽഹി: ഗോതന്പു കയറ്റുമതി നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാക്കൾ. ഗോതന്പ് ഉത്പാദനം കുറഞ്ഞതല്ല, കേന്ദ്രസർക്കാർ വേണ്ട അളവിൽ ഗോതന്പ് ശേഖരിക്കാത്തതാണ് കയറ്റുമതി നിരോധനത്തിനു കാരണം എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമർശനം.
ഗോതന്പ് കയറ്റുമതി നിരോധിക്കുന്നത് കർഷകവിരുദ്ധ നടപടിയാണ്. കയറ്റുമതി ചെയ്യുന്ന ഗോതന്പിനു കിട്ടുന്ന ഉയർന്ന വില കർഷകർക്ക് നഷ്ടമാകുന്നു.
നടപ്പുവർഷം 444 ലക്ഷം ടണ്‍ ഗോതന്പ് സംഭരിക്കാൻ ലക്ഷ്യമിട്ടിരുന്ന കേന്ദ്രസർക്കാർ 162 ലക്ഷം ടണ്‍ ഗോതന്പാണ് സംഭരിച്ചത്. മുൻ വർഷത്തെ (288 ലക്ഷം ടണ്‍) അപേക്ഷിച്ച് 44 ശതമാനം കുറവാണുണ്ടായത്. നടപ്പുവർഷം ഏപ്രിൽ 21 വരെ സ്വകാര്യ കന്പനികൾ 9.63 ലക്ഷം ടണ്‍ ഗോതന്പു കയറ്റുമതി ചെയ്തിട്ടുണ്ട്.
മുൻ വർഷം ഇത് 1.3 ലക്ഷം ടണ്ണായിരുന്നു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ അനുസരിച്ച് പഞ്ചാബിലെ സർക്കാരിന്റെ ഗോതന്പു സംഭരണം മുൻവർഷത്തെ (112 ലക്ഷം ടണ്‍) അപേക്ഷിച്ച് നടപ്പ് വർഷം മേയ് ഒന്നു വരെ വരെ 89 ലക്ഷം ടണ്ണായി കുറഞ്ഞു. ഹരിയാനയിൽ മുൻ വർഷത്തെ (80 ലക്ഷം ടണ്‍) അപേക്ഷിച്ച് 37 ലക്ഷം ടണ്‍ ഗോതന്പാണു സംഭരിച്ചത്.
ശരിയായ വിധത്തിൽ സംഭരണം നടന്നിരുന്നെങ്കിൽ ഗോതന്പ് കയറ്റുമതി നിരോധിക്കേണ്ടിവരില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. രാഹുൽ ഗാന്ധിയും ട്വിറ്ററിലൂടെ സർക്കാരിന്റെ നയവൈകല്യത്തെ വിമർശിച്ചു.