ഡൽഹി തീപിടിത്തം: കെട്ടിട ഉടമ അറസ്റ്റിൽ
Monday, May 16, 2022 1:59 AM IST
ന്യൂഡൽഹി: ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുണ്ടായ തീപിടിത്തത്തിൽ കെട്ടിട ഉടമ മനീഷ് ലക്രയെ അറസ്റ്റ് ചെയ്തു. അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സിസിടിവി ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 4.40 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 27 മരണമാണ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ എട്ടുപേരെ മാത്രമാണ് ഇന്നലെവരെ തിരിച്ചറിഞ്ഞത്.
സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നേരത്തേ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ പ്രവേശിക്കാനും പുറത്തിറങ്ങാനുമായി ഇടുങ്ങിയ ഒരു വഴി മാത്രമാണുണ്ടായിരുന്നത്.