ഇന്ദ്രാണി മുഖർജിക്കു ജാമ്യം
സ്വന്തം ലേഖകൻ
Thursday, May 19, 2022 2:06 AM IST
ന്യൂഡൽഹി: ഷീന ബോറ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറര വർഷക്കാലത്തെ തടവ് ദീർഘ കാലയളവാണ് എന്നു വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട ഇന്ദ്രാണി 2015 മുതൽ മുംബൈ ജയിലിൽ കഴിയുകയായിരുന്നു.
പ്രത്യേക സിബിഐ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ദ്രാണിക്ക് തലച്ചോറിന് ഗുരുതര രോഗമുണ്ടെന്നും കേസിൽ വിചാരണ അടുത്തകാലത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അവർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി വാദിച്ചു.
ദീർഘകാലം ജയിൽവാസം അനുഭവിച്ചതു കൊണ്ട് ഇന്ദ്രാണിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതിയും ശരിവച്ചു. രാജ്യം വിടരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നുമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ജാമ്യം അനുവദിച്ചത്. ആദ്യവിവാഹത്തിലെ മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖർജി ശിക്ഷിക്കപ്പെട്ടത്.