കീഴടങ്ങിയ സിദ്ദുവിനെ പട്യാല ജയിലിലടച്ചു
Saturday, May 21, 2022 1:02 AM IST
ന്യൂ ഡൽഹി: റോഡിലെ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നു കോടതിയിൽ കീഴടങ്ങിയ പഞ്ചാബിലെ മുൻ കോണ്ഗ്രസ് അധ്യക്ഷനും രാജ്യാന്തര ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദുവിനെ പട്യാല ജയിലിൽ അടച്ചു.
1988 ൽ നടന്ന സംഭവത്തിൽ വ്യാഴാഴ്ചയാണു സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷത്തെ കഠിനതടവു വിധിച്ചത്. ഇതിനുപിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, കീഴടങ്ങുന്നതിന് സിദ്ദു കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റീസിനെ സമീപിക്കാൻ ജസ്റ്റീസ് എ. എം. ഖാൻവിൽക്കർ സിദ്ദുവിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്വിയോട് നിർദേശിച്ചു. അടിയന്തരമായി അപേക്ഷ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. തുടർന്നാണ് 58 കാരനായ സിദ്ദു പട്യാല ചീഫ് ജുഡിഷൽ മജിസ്ട്രേറ്റ് മുന്പാകെ കീഴടങ്ങിയത്. വൈദ്യപരിശോധനയ്ക്കുശേഷം പോലീസ് ജീപ്പിൽ സിദ്ദുവിനെ ജയിലിലേക്കു മാറ്റുകയും ചെയ്തു.