ശ്രീനഗറിൽ ഭീകരാക്രമണം; പോലീസുകാരനു വീരമൃത്യു
Wednesday, May 25, 2022 2:18 AM IST
ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ ഭീകരരുടെ ആക്രമണത്തിൽ പോലീസുകാരൻ വീരമൃത്യു വരിച്ചു. ഏഴു വയസുള്ള മകൾക്കു പരിക്കേറ്റു.
കോൺസ്റ്റബിൾ സയ്ഫുള്ള ഖദ്രിയാണു വീരമൃത്യു വരിച്ചത്. സൗര മേഖലയിലെ ഇദ്ദേഹത്തിന്റെ വീടിനു വെളിയിലായിരുന്നു ആക്രമണം. ട്യൂഷൻ കഴിഞ്ഞ് മകളെ വീട്ടിലാക്കുന്നതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇരുവരെയും തൊട്ടടുത്തുള്ള എസ്കെഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഖദ്രി മരിച്ചു. കൈക്കു വെടിയേറ്റ മകൾ അപകടനില തരണം ചെയ്തു.
കാഷ്മീരിൽ ഈ മാസം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമത്തെ പോലീസുകാരനാണു ഖദ്രി. മേയ് ഏഴിന് ഐവ ബ്രിഡ്ജിലും മേയ് 13നു പുൽവാമയിലും പോലീസുകാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.