മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്ക് ജൂൺ 23ന് ഉപതെരഞ്ഞെടുപ്പ്
Thursday, May 26, 2022 1:55 AM IST
ന്യൂഡൽഹി: മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്കും ജൂൺ 23ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
ജൂൺ 26നു വോട്ടെണ്ണും. യുപിയിലെ അസംഗഡ്, രാംപുർ, പഞ്ചാബിലെ സംഗ്രൂർ എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങൾ.
സമാജ്വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും മുഹമ്മദ് അസം ഖാനും പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളാണ് അസംഗഡും രാംപുരും.
പഞ്ചാബ് മുഖ്യമന്ത്രിയായതിനെത്തുടർന്ന് ഭഗവന്ത് മാൻ രാജിവച്ച മണ്ഡലമാണ് സംഗ്രൂർ. ത്രിപുരയിൽ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കും ഡൽഹി, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.