ഉദ്ധവിന്റെ ദൂതനും വിമതപക്ഷത്ത്
Friday, June 24, 2022 1:06 AM IST
ഇന്നലെ മൂന്ന് എംഎൽഎമാർകൂടി ഏക്നാഥ് ഷിൻഡെ പക്ഷത്തെത്തി. ഇതോടെ ഷിൻഡെയ്ക്കൊപ്പമുള്ള ശിവസേനാ എംഎൽഎമാരുടെ എണ്ണം 37 ആയി.
പത്തു സ്വതന്ത്രരും ഗോഹട്ടിയിലുണ്ട്. സൂറത്തിൽ വിമതരുമായി ചർച്ചയ്ക്ക് ഉദ്ധവിന്റെ ദൂതനായി പോയ രവീന്ദ്ര പഥകും വിമതപക്ഷത്തെത്തി. മൂന്നിൽ രണ്ട് എംഎൽഎമാരെ സ്വന്തമാക്കിയ ഷിൻഡെയ്ക്കു കൂറുമാറ്റ നിരോധന നിയമം മറികടക്കാനാകും.
35 എംഎൽഎമാർ ഒപ്പിട്ട കത്ത് ഡെപ്യൂട്ടി സ്പീക്കർക്കു ഷിൻഡെ കൈമാറിയിരുന്നു. എല്ലാ സഹായങ്ങളും നല്കാമെന്ന് ഒരു ദേശീയ പാർട്ടി ഉറപ്പു നല്കിയതായി ഏക്നാഥ് ഷിൻഡെ പറഞ്ഞു. വിമത എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ഷിൻഡെ ഇക്കാര്യം പറഞ്ഞത്.
ഇതിനിടെ, സർക്കാർ രൂപവത്കരണത്തിനു ബിജെപി ശ്രമമാരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്താൻ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിക്കു തിരിച്ചു.
വിമതനേതാവ് ഷിൻഡെയെ നീക്കി അജയ് ചൗധരിയെ ശിവസേനാ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത തീരുമാനം ഇന്നലെ അംഗീകരിച്ചു.