കോവിഡ് കേസുകൾ കൂടുന്നു: കരുതൽ ഡോസുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി
Monday, June 27, 2022 12:27 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ ജനങ്ങളും കരുതൽ ഡോസ് എടുക്കണമെന്നു പ്രധാനമന്ത്രി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. 18നും 60നും ഇടയിൽ പ്രായമുള്ളവർക്കുള്ള കോവിഡ് കരുതൽ ഡോസ് ഏപ്രിൽ പത്തു മുതലാണ് രാജ്യത്തു നൽകി തുടങ്ങിയത്.
രാജ്യത്ത് 92,576 സജീവ കോവിഡ് കേസുകളുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 11,739 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനവും പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.25 ശതമാനവുമാണ്.