ഷിൻഡെ ക്യാന്പിലെ മന്ത്രിമാരുടെ പണിപോയി
Tuesday, June 28, 2022 2:37 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാന്പിൽ തുടരുന്ന മന്ത്രിമാരുടെ പണിപോയി. ദിവസങ്ങളായി ഗോഹട്ടിയിലെ ആഡംബര ഹോട്ടലിൽ തുടുരുന്ന ഒന്പത് മന്ത്രിമാരെയാണ് താക്കറെ പക്ഷം നീക്കിയത്. സുഗമമായ ഭരണത്തിനായി ഇവരുടെ വകുപ്പുകൾ കൈമാറുകയായിരുന്നുവെന്നാണ് വിശദീകരണം. ആഭ്യന്തരകലാപത്തെത്തുടർന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവർക്കൊപ്പം അനിൽ പരാബ്, സുഭാഷ് ദേശായി എന്നിവരാണു മന്ത്രിസഭയിൽ അവശേഷിക്കുന്നത്. ആദിത്യ താക്കറെയൊഴികെ എല്ലാവരും എംഎൽസിമാരും. വിമതരെ നയിക്കുന്ന ഏക്നാഥ് ഷിൻഡെയുടെ നഗരവികസന, പൊതുമരാമത്ത് വകുപ്പുകൾ സുഭാഷ് ദേശായിക്കാണ് നൽകിയിരിക്കുന്നത്. ഉദയ് സാമന്ത് കൈകാര്യംചെയ്തിരുന്ന ഉന്നതവിദ്യാഭ്യാസവകുപ്പ് ഇനി ആദിത്യ താക്കറെ നോക്കും.
ഗുലാബ് റാവു പാട്ടീലിന്റെ ജലവിതരണ, ശുചീകരണ വകുപ്പുകൾ അനിൽ പരാബിനും സന്ദീപൻ ഭൂമാരെയുടെ തൊഴിലുറപ്പ്, ദാദാ ബുസെ കൃഷി ശങ്കർ യശ്വന്ത് റാവു ഗദാക്കിനും നൽകി. ഉദയ് സാമന്തിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ആദിത്യ താക്കറയ്ക്കാണ്. വിമതക്യാന്പിലുള്ള സഹമന്ത്രിമാരുടെ പദവികൾ എൻസിപി, കോൺഗ്രസ് പ്രതിനിധികൾക്കും കൈമാറിയെന്ന് സർക്കാർ അറിയിച്ചു.
ഷിൻഡെയെ തേടിയെത്തിയ ശിവസേനാ നേതാവിനെ തടഞ്ഞു
ഗോഹട്ടി: മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരുടെ നേതാവ് ഏക്നാഥ് ഷിൻഡെയെ കാണാൻ ഗോഹട്ടിലെ ആഡംബര ഹോട്ടലിലെത്തിയ മണിപ്പുരിലെ ശിവസേനാ നേതാവ് എം. തോംപി സിംഗിനെ തടഞ്ഞു.
ശിവസേനയിൽ ഭിന്നിപ്പുണ്ടാക്കരുതെന്ന് അഭ്യർഥിക്കാനാണ് എംഎൽഎമാർ കഴിയുന്ന ഹോട്ടലിലെത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ, മുംബൈയിലെ ചിലരുമായി ആശയവിനിമയം നടത്തിയെന്നും തോംപി സിംഗ് സമ്മതിക്കുന്നു.
അതിനിടെ എംഎൽഎമാർ തങ്ങുന്ന ഹോട്ടലിന്റെ സുരക്ഷ അധികൃതർ വർധിപ്പിച്ചു. സൂറത്തിൽ നിന്ന് കഴിഞ്ഞ 22 ന് എംഎൽഎമാർ ഹോട്ടലിലെത്തിയതുമുതൽ നിയന്ത്രണങ്ങളുണ്ടെങ്കിലും കഴിഞ്ഞദിവസം മുതൽ അതു കർക്കശമാക്കി. വിശദാംശങ്ങൾ രേഖപ്പെടുത്തിയശേഷമാണ് ആളുകളെ ഹോട്ടലിനുള്ളിലേക്കു കടത്തുന്നത്. അതിനുമുന്പ് പേരും വാഹനനന്പറും ഉൾപ്പെടെ രേഖപ്പെടുത്തും. ഹോട്ടലിനു പുറത്തും പരിസരങ്ങളിലും കൂടുതൽ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.