മഹാരാഷ്ട്ര: എംഎൽഎമാരെ അയോഗ്യരാക്കാൻ ഡെപ്യൂട്ടി സ്പീക്കർക്ക് അധികാരമില്ലെന്നു വാദം
Tuesday, June 28, 2022 2:37 AM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഡെപ്യൂട്ടി സ്പീക്കറെ മാറ്റണം എന്ന പ്രമേയം നിലവിലുള്ളപ്പോൾ അദ്ദേഹത്തിന് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള അധികാരം ഇല്ലെന്നു സുപ്രീംകോടതിയിൽ പരാതി നല്കിയ വിമത എംഎൽഎമാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ചൂണ്ടിക്കാട്ടി. എന്തു കൊണ്ടാണ് മുംബൈ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീംകോടതിയിൽ എത്തിയതെന്ന് ജസ്റ്റീസ് സൂര്യകാന്ത് ചോദിച്ചു.
സംസ്ഥാനത്തു തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടില്ലെന്നും ശവങ്ങളാക്കും എന്നതുൾപ്പെടെ ഭീഷണികൾ ഉണ്ടെന്നുമായിരുന്നു മറുപടി. ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യണമെന്നുള്ള ആവശ്യം നിലനിൽക്കേ അദ്ദേഹത്തിനു മറ്റ് അച്ചടക്ക നടപടികൾ എടുക്കാനാകില്ലെന്നതു ശരി തന്നെ. ഇക്കാര്യം ഡെപ്യൂട്ടി സ്പീക്കറുടെ തന്നെ ശ്രദ്ധയിൽപ്പെടുത്തിക്കൂടെ എന്നും ജസ്റ്റീസ് സൂര്യകാന്ത് ചോദിച്ചു.
അയോഗ്യതാ വിഷയം സ്പീക്കറുടെ പരിഗണനയിലുള്ളതായതു കൊണ്ട് കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നാണ് ശിവസേന നിയമസഭ കക്ഷി നേതാവ് അജയ് ചൗധരിക്കും ചീഫ് വിപ്പ് സുനിൽ പ്രഭുവിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടിയത്. രാജസ്ഥാനിൽ 2020ൽ നടന്ന സമാന സംഭവത്തിൽ ഉൾപ്പെടെ സ്പീക്കറുടെ പരിഗണനയിൽ ഉള്ള വിഷയത്തിൽ കോടതി ഇടപെട്ടിരുന്നില്ലെന്ന് സിംഗ്വി ചൂണ്ടിക്കാട്ടി. എന്നാൽ, ഡെപ്യൂട്ടി സ്പീക്കറുടെ തുടർച്ച തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ കേസുമായി അതിന് സമാനതയുണ്ടോ എന്നായിരുന്നു ജസ്റ്റീസ് സൂര്യകാന്തിന്റെ ചോദ്യം. മണിപ്പൂർ നിയമസഭയിലെ എംഎൽഎമാരുടെ കേസ് ഉൾപ്പെടെ വിശദീകരിച്ച സിംഗ്വി കോടതിക്കു പ്രശ്നപരിഹാരത്തിനു സമയപരിധി നിശ്ചയിച്ച് ഇടക്കാല ഉത്തരവ് ഇറക്കാമെന്നു വ്യക്തമാക്കി.
എന്നാൽ, ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യാനുള്ള നടപടികൾ നടക്കുന്പോൾ എംഎൽഎമാരെ അയോഗ്യനാക്കാനുള്ള അധികാരം അദ്ദേഹത്തിനില്ലെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി.