വരവരറാവുവിന്റെ ജാമ്യഹർജി: 11ന് വാദം കേൾക്കും
Friday, July 1, 2022 1:52 AM IST
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട കവിയും ആക്ടിവിസ്റ്റുമായ പി. വരവരറാവുവിന്റെ ജാമ്യഹർജിയിൽ 11നു വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി നടപടിക്കെതിരേയാണ് വരവരറാവു സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് ജാമ്യഹർജി പരിഗണിക്കാമെന്ന്, വിഷയം ഉന്നയിച്ച മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവറിനോട് ഇന്നലെ വ്യക്തമാക്കിയത്.
ഏപ്രിൽ 13നാണ് ബോംബെ ഹൈക്കോടതി വരവരറാവുവിന്റെ ജാമ്യാപേക്ഷ നിരസിച്ചത്.