സുബൈറിന്റെ ഹർജിയിൽ നോട്ടീസയച്ചു
Saturday, July 2, 2022 12:35 AM IST
ന്യൂഡൽഹി: ട്വിറ്റർ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഡൽഹി പോലീസിന് നോട്ടീസയച്ചു. നാലു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിക്കെതിരേയാണ് മുഹമ്മദ് സുബൈർ ഹൈക്കോടതിയെ സമീപിച്ചത്.
നാലു ദിവസത്തെ റിമാൻഡ് കാലാവധി ശനിയാഴ്ച അവസാനിക്കുകയാണല്ലോ എന്ന് ജസ്റ്റീസ് സഞ്ജീവ് നരൂല ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ന് വിചാരണ ക്കോടതിയിൽ മുഹമ്മദ് സുബൈറിനെ ഹാജരാക്കും. എന്നാൽ, സുബൈറിന്റെ റിമാൻഡ് കാലാവധി നീട്ടുമോ അതോ വിട്ടയയ്ക്കുമോ എന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. ചിലപ്പോൾ ജുഡീഷൽ കസ്റ്റഡിയിലും വിട്ടേക്കാം. എന്തു കൊണ്ടു വിചാരണ ക്കോടതിക്കു മുന്നിൽ ഈ വിഷയം ഉന്നയിച്ചു കൂടാ എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം എന്നാവശ്യപ്പെട്ടാണ് പോലീസിന് നോട്ടീസ് നൽകിയിരിക്കുന്നത്.