ആശിഷ് മിശ്രയ്ക്ക് ജാമ്യം നിഷേധിച്ചു
Wednesday, July 27, 2022 1:10 AM IST
ന്യൂഡൽഹി: ലഖിംപുർ ഖേരി കൂട്ടക്കൊല കേസിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള ആശിഷ് മിശ്രയ്ക്ക് അലാഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. നേരത്തേ അലാഹാബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് നൽകിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളുടെ വാദം കൂടി കേട്ടശേഷം ജാമ്യാപേക്ഷയിൽ തീരുമാനമെടുത്താൽ മതിയെന്നായിരുന്നു നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നത്. നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ട കേസിൽ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ജൂലൈ 15ന് പൂർത്തിയായിരുന്നു.
വിധി പറയാനായി ഇന്നലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കർഷകർ കൊല്ലപ്പെട്ട സംഭവസ്ഥലത്ത് ആശിഷ് മിശ്ര ഉണ്ടായിരുന്നില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.