ക്രൈസ്തവർക്കെതിരേ അതിക്രമങ്ങളില്ല: പരാതികൾ വ്യാജമെന്ന് കേന്ദ്രസർക്കാർ
Wednesday, August 17, 2022 1:58 AM IST
ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്ക് എതിരേ അക്രമങ്ങൾ നടക്കുന്നുണ്ടെന്ന വസ്തുതകൾ നിഷേധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങൾ വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഉൗഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ബംഗളൂരിലെ ആർച്ച് ബിഷപ് ഡോ. പീറ്റർ മക്കാഡോ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനു വേണ്ടി ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ് സുപ്രീംകോടതിയിൽ പ്രാഥമിക മറുപടി നൽകിയിരിക്കുന്നത്. ആർച്ച്ബിഷപ്പിനൊപ്പം നാഷണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്. ജസ്റ്റീസുമാരായി ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇന്നലെ ഹർജി പരിഗണിച്ചത്.
ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ മറുപടിയിൻമേലുള്ള പ്രതികരണത്തിന് പരാതിക്കാരുടെ അഭിഭാഷകനായ കോളിൻ ഗോണ്‍സാൽവസ് കൂടൂതൽ സമയം ആവശ്യപ്പെട്ടു. തുടർന്ന് കേസ് വീണ്ടും 25ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ക്രൈസ്തവർക്കെതിരായ ആക്രണങ്ങൾ നടക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ ഹർജിക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ പത്രവാർത്തകളുടെയും ഓണ്‍ലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ചില സന്നദ്ധ സംഘടനകളുടെ കണ്ടെത്തലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അന്വേഷണങ്ങളിൽ നിന്ന് ഈ പറയുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
വ്യക്തിഗതമായ ക്രിമിനൽ കേസുകൾക്ക് സാമുദായിക നിറം നൽകുകയാണ്. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർക്ക് എതിരേ കേസുകളോ പരാതികളോ ഉണ്ടായാൽ ഉടനെ അത് ക്രൈസ്തവ സമൂഹത്തിന് എതിരായ ആക്രമണം ആയി ചിത്രീകരിക്കപ്പെടുകയാണ്.
തദ്ദേശ ഭരണ സ്ഥാപനങ്ങൾ അനധികൃത നിർമാണങ്ങൾക്കെതിരേ എടുക്കുന്ന നടപടികൾ പോലും ഇത്തരത്തിൽ മതപരമായ ആക്രമണമായി ചിത്രീകരിക്കപ്പെടുകയാണെന്നും കേന്ദ്രസർക്കാരിന്റെ മറുപടിയിൽ പറയുന്നു. മാത്രമല്ല, പരാതികളിൽ പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്നുള്ള ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. പരാതിയുള്ളവർ സംസ്ഥാന നിയമ സംവിധാനങ്ങളെയോ ഹൈക്കോടതിയേയോ സമീപിക്കുകയാണ് വേണ്ടതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ചില സന്നദ്ധ സംഘടനകൾ തങ്ങളുടെ ആളുകളെ വച്ചു നടത്തുന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൊതു താത്പര്യ ഹർജികൾ ഉയർന്നു വരുന്നത് ഒരു പതിവായി മാറിയിട്ടുണ്ടെന്നും കേന്ദ്രം നൽകിയ മറുപടിയിൽ കുറ്റപ്പെടുത്തുന്നു. ഇത് രാജ്യത്ത് അസ്വസ്ഥത ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ്. മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നു സഹായം തേടാനുള്ള ശ്രമത്തിന്റെയും ഭാഗമാണിതെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.