ഖർഗോൺ കലാപം: പിഎഫ്ഐ 55 ലക്ഷം രൂപ പിരിച്ചെടുത്തുവെന്നു പോലീസ്
Thursday, September 29, 2022 1:37 AM IST
ഇൻഡോർ: മധ്യപ്രദേശിലെ ഖർഗോണിൽ ഈ വർഷം രാമനവമിയോടനുബന്ധിച്ചുണ്ടായ സംഘർഷത്തെത്തുടർന്ന് ഒരു പ്രത്യേക സമുദായത്തെ പോപ്പുലർ ഫ്രണ്ട് കലാപത്തിനു പ്രേരിപ്പിച്ചുവെന്ന് മധ്യപ്രദേശ് പോലീസ്.
കലാപത്തിനിരയായവരെ സഹായിക്കാനെന്ന പേരിൽ പിഎഫ്ഐ 55 ലക്ഷം രൂപ പിരിച്ചുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ വർഷം ഏപ്രിൽ പത്തിനാണ് രാമനവമി ആഘോഷത്തിനിടെ ഖർഗോണിൽ കലാപമുണ്ടായത്. നിരവധി വാഹനങ്ങളും വീടുകളും നശിപ്പിക്കപ്പെട്ടു. രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മധ്യപ്രദേശിൽ സ്വാധീനമുറപ്പിക്കാൻ പിഎഫ്ഐ ശ്രമിച്ചുവരികയായിരുന്നു.
ഇൻഡോറിൽ മാത്രം എഴുപത്തഞ്ചോളം പേർ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ആളുകളെ ആകർഷിക്കാൻ പിഎഫ്ഐ ശ്രമിക്കുന്നു.