ലഫ്. ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനികമേധാവി
Thursday, September 29, 2022 2:06 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത് സംയുക്ത സൈനികമേധാവിയായി ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ നിയമിച്ചു. ആദ്യ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഒൻപതു മാസത്തിനു ശേഷമാണ് നിയമനം. സൈനികകാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കും.
11-ാം ഗൂർഖ റൈഫിൾസിൽ 1981ലാണ് അനിൽ ചൗഹാൻ സൈനികസേവനം ആരംഭിച്ചത്. ജമ്മു കാഷ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സൈനികനടപടികൾക്കും നേതൃത്വം വഹിച്ചിരുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ ഉപമേധാവിയായും കിഴക്കൻ സൈനിക കമാൻഡിന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2021 മേയിലാണ് വിരമിച്ചത്. പരം വിശിഷ്ട സേവാ മെഡൽ, ഉത്തമ യുദ്ധ് സേവാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ നേടിയിട്ടുണ്ട്.