എയർബാഗ് നിയമഭേദഗതി നടപ്പാക്കുന്നതിൽ കാലതാമസം
Friday, September 30, 2022 2:43 AM IST
ന്യൂഡൽഹി: പിൻസീറ്റുകളിൽ ഉൾപ്പെടെ പാസഞ്ചർ കാറുകളിൽ ആറ് എയർ ബാഗുകൾ നിർബന്ധമാക്കിയ നിയമഭേദഗതി നടപ്പാക്കുന്നതിൽ കാലതാമസം.
വാഹന നിർമാണ രംഗത്തെ ആഗോള വിതരണ ശൃംഖല നേരിടുന്ന പ്രശ്നങ്ങൾ കാരണം നിയമം നടപ്പിലാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ജനുവരിയിൽ പുറത്തിറക്കിയ കരടു വിജ്ഞാപനത്തിന് അംഗീകാരമായെന്നും നടപ്പുവർഷം ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന നിയമം 2023 ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനാണു ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പിൻസീറ്റുകളിൽ ഉൾപ്പെടെ എയർ ബാഗുകൾ ഘടിപ്പിക്കണമെന്ന നിയമം വാഹനത്തിന്റെ നിർമാണച്ചെലവു വർധിക്കുന്നതിന് കാരണമാക്കുമെന്നും വാഹനവിൽപനയെ പ്രതികൂലമായി ബാധിക്കുമെന്നും വാഹനനിർമാതാക്കൾ പറഞ്ഞിരുന്നു.
എന്നാൽ, അധികമായി ഘടിപ്പിക്കുന്ന ഓരോ എയർബാഗും കാര്യമായ സാന്പത്തിക ബാധ്യതയാകില്ലെന്നും വാഹനത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്ന കാറുകളിൽ ആറ് എയർബാഗുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.