ഗുജറാത്തിൽ ലൗ ജിഹാദിനെ ചെറുക്കാൻ കർമസേന
Friday, September 30, 2022 2:43 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷവേളയിൽ ലൗ ജിഹാദിനുള്ള ശ്രമങ്ങൾ ചെറുക്കുമെന്നു സംഘപരിവാർ.
നവരാത്രി ആഘോഷവേദികളുടെ പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകർ കാവൽനിൽക്കുമെന്നും ലൗജിഹാദിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഘുലേഖകൾ വിതരണം ചെയ്യുമെന്നും വിഎച്ച്പി നേതാവ് ഹിതേന്ദർ സിൻഹ് രാജ്പുട് പറഞ്ഞു.
ഹൈന്ദവയുവതികളെ ലക്ഷ്യമിട്ട് നവരാത്രി വേദികളിലെത്തുന്ന അന്യമതസ്ഥരെ തടയും. നവരാത്രി ആഘോഷിക്കാനെത്തുന്ന മുഴുവൻ വിശ്വാസികളെയും സിന്ദൂരം ചാർത്തി സ്വീകരിക്കുമെന്നും നൃത്തവേദികളിൽ അന്യമതസ്ഥരെ വിലക്കുമെന്നും രാജ്പുട് പറഞ്ഞു.
ലൗ ജിഹാദ് ലക്ഷ്യമിട്ടെത്തിയ നാലുപേരെ ചൊവ്വാഴ്ച അഹമ്മദാബാദിലെ നവരാത്രി വേദിയിൽനിന്നു പിടികൂടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 26 നു ഗുജറാത്തിൽ ആരംഭിച്ച നവരാത്രി ആഘോഷങ്ങൾ ഒന്പതുദിവസം നീണ്ടുനിൽക്കും. ഒട്ടേറെപ്പേർ പങ്കെടുക്കുന്ന പരന്പരാഗത നൃത്തസന്ധ്യകളാണ് ചടങ്ങിന്റെ പ്രധാന ആകർഷണം.