സച്ചിൻ പൈലറ്റ് വഞ്ചകൻ, ദല്ലാൾ; മുഖ്യമന്ത്രി ആക്കില്ല: ഗെഹ്ലോട്ട്
Friday, November 25, 2022 1:44 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വഞ്ചകനായ സച്ചിൻ പൈലറ്റിനെ രാജസ്ഥാനിൽ മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാൻ കോണ്‍ഗ്രസിലെ തമ്മിലടി അതിരൂക്ഷമാക്കിക്കൊണ്ടാണു മുൻ ഉപമുഖ്യമന്ത്രികൂടിയായ പാർട്ടിയിലെ സഹപ്രവർത്തകനെതിരേ ഗെഹ്ലോട്ട് തുറന്നടിച്ചത്.
വിശ്വാസവഞ്ചകൻ (ഗദ്ദർ), പാർട്ടിയെ ഒറ്റിക്കൊടുത്തവൻ, രജിസ്റ്റേഡ് ദല്ലാൾ, സ്വഭാവമഹിമ ഇല്ലാത്തവൻ തുടങ്ങിയ കടുത്ത പ്രയോഗങ്ങളാണ് സച്ചിനെതിരേ മുഖ്യമന്ത്രി ഇന്നലെ ഒരു അഭിമുഖത്തിൽ നടത്തിയത്.
""ഒരു ഗദ്ദറിന് (വിശ്വാസവഞ്ചകൻ) മുഖ്യമന്ത്രിയാകാൻ കഴിയില്ല.’’ പത്ത് എംഎൽഎമാരുടെ പിന്തുണയില്ലാത്ത സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിയില്ല. ആരാണു കലാപം നടത്തിയത്? പാർട്ടിയെ അദ്ദേഹം ഒറ്റിക്കൊടുത്തു. അവനൊരു ചതിയനാണ്- എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഗെഹ്ലോട്ട് പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം സച്ചിനുമായി പങ്കിടാമെന്നു കരാറൊന്നും ഇല്ല. ഈ അവകാശവാദം സച്ചിൻ വീണ്ടും ഉന്നയിച്ചാൽ രാഹുൽ ഗാന്ധിയോടു ചോദിക്കാമെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.
അഭിമുഖത്തിനിടെ ആറുതവണയാണു സച്ചിനെ ഗദ്ദർ എന്നു വിളിച്ചത്. സച്ചിനെതിരേ ഇത്തരം പദപ്രയോഗങ്ങൾ അദ്ദേഹം മുന്‍പും നടത്തിയിട്ടുണ്ട്. 2020ൽ ഗെഹ്ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ അടക്കം 19 എംഎൽഎമാരുമായി റിസോർട്ടിലേക്കു മാറി കലാപത്തിനു ശ്രമിച്ചപ്പോൾ ഉപയോഗമില്ലാത്തതും വിലയില്ലാത്തവനും (നിക്കമ്മ, നകര) ആണ് സച്ചിൻ എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
സ്വന്തം സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച പാർട്ടി പ്രസിഡന്റാണ് അയാൾ. ബിജെപിയാണു പണം നൽകിയത്. അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ സഹായത്തോടെയാണു സച്ചിൻ അട്ടിമറിക്കു ശ്രമിച്ചതെന്നു മുഖ്യമന്ത്രി ആരോപിച്ചു.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു ഗെഹ്ലോട്ടിനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രിസ്ഥാനം സച്ചിനു കൈമാറാതിരിക്കാൻ, ഹൈക്കമാൻഡ് വിളിച്ച നിയമസഭാകക്ഷി യോഗത്തിൽനിന്നു തൊണ്ണൂറോളം എംഎൽഎമാരെ മാറ്റിനിർത്തി ഗെഹ്ലോട്ട് ഹൈക്കമാൻഡിനെ വെല്ലുവിളിച്ചതു പാർട്ടിയെ വെട്ടിലാക്കിയിരുന്നു.
ശശി തരൂരിന്റെ പര്യടനങ്ങളെ ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസിൽ തമ്മിലടി വഷളായതോടൊപ്പമാണു രാജസ്ഥാൻ കോണ്‍ഗ്രസിലും ആഭ്യന്തരകലഹം കൈവിട്ടത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനമാണു രാജസ്ഥാൻ.
എഐസിസി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഡിസംബർ നാലിനു ചേരുന്നതിനു മുന്‍പായി പ്രശ്നപരിഹാരം ഉണ്ടക്കാൻ കഴിഞ്ഞേക്കില്ലെന്നു സൂചനയുണ്ട്. ഗ്രൂപ്പുകളികൾ അവസാനിപ്പിക്കാൻ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വിഷമിക്കും. പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തെ നൽകിയ നിർദേശം പാടെ അവഗണിച്ചതും ഹൈക്കമാൻഡിനെ വെട്ടിലാക്കി.