രാജ്ഭവനുകളിലേക്കു കർഷകമാർച്ച്
Sunday, November 27, 2022 12:21 AM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്കു കർഷക യൂണിയനുകൾ മാർച്ച് നടത്തി. സർക്കാരിന്റെ വിവിധ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കർഷകർ പ്രതിഷേധിച്ചു.
സർക്കാർ കോർപറേറ്റുകളെ സംരക്ഷിക്കുകയാണ്. വിളകളുടെ മിനിമം താങ്ങുവില അടക്കമുള്ള നിരവധി ആവശ്യങ്ങൾ അംഗീകരിക്കുകയും ചർച്ച നടത്തി നിയമം കൊണ്ടുവരുമെന്നു രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി.
പഞ്ചാബിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. കർഷകരുടെ ഒഴുക്കു തടയാൻ പോലീസ് പല സ്ഥലങ്ങളിലും റോഡുകൾ ബ്ലോക്ക് ചെയ്തിരുന്നു. ലഖിംപുർ ഖേരി കൊലപാതകക്കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടാത്തതിലും കർഷകർ കടുത്ത രോഷം രേഖപ്പെടുത്തി.
പഞ്ചാബിൽ സംസ്ഥാന സർക്കാരിന്റെ കർഷകവിരുദ്ധ സമീപനങ്ങൾക്കെതിരേയും അതിരൂക്ഷ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആസാദ് കിസാൻ സംഘർഷ് കമ്മിറ്റി പ്രസിഡന്റ് നിർവാലി സിംഗ് പറഞ്ഞു.