സ്വർണക്കടത്ത് കേസ് വിചാരണമാറ്റം വിശദവാദം കേൾക്കാമെന്ന് സുപ്രീംകോടതി
Tuesday, November 29, 2022 12:56 AM IST
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിന്റെ വിചാരണ ബാംഗളൂരുവിലേക്കു മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ വിശദമായി വാദം കേൾക്കാമെന്ന് സുപ്രീംകോടതി.
സംസ്ഥാനത്തു ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള കേസായതിനാൽ മാത്രം വിചാരണ ബാംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഈ കാരണത്താൽ വിചാരണ മാറ്റിയാൽ സമാനമായ ഹർജികളുടെ പ്രളയമുണ്ടാകും. അസാധാരണമായ കേസ് ആണെങ്കിൽ മാത്രമേ വിചാരണ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റാൻ അനുവദിക്കൂ. ജുഡീഷറിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേസിലെ എല്ലാ പ്രതികളുടെയും വാദം കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് അറിയിച്ചു.
ഇഡിയുടെ ഹർജി പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളണമെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.